Sunday 17 August 2008

ആ കണ്ണുകള്‍......(കവിത)

അതില്‍ തീയായിരുന്നു,
ഒന്നു നോക്കാന്‍ പോലും
പേടിയായിരുന്നു.
എന്നെ പേടിപ്പിച്ചത്‌
അതിന്റെ ചൂടല്ല,
കണ്ണടപ്പിക്കുന്ന വെളിച്ചവുമല്ല,
എന്റെ തന്നെ കാപട്യമായിരുന്നു...
അതിനു ഞാന്‍
കാപട്യത്തിന്റെ മറ്റൊരു
കറുത്ത കണ്ണട കൊടുത്തു,
പേടിയെ കരിയിലകള്‍ കൊണ്ട്‌
മൂടിവച്ചു.
പക്ഷെ...........
ഞാനാ കണ്ണടയിലൂടെ
നോക്കിയപ്പോള്‍
മൊത്തം ഇരുട്ടായിരുന്നു.....
ഞാന്‍ ശരിക്കും പേടിച്ചിരുന്ന
അതേ ഇരുട്ട്‌....

-വൃകോദരന്‍-

Monday 4 August 2008

ഇത്‌ ഒരു മിനിക്കഥയല്ല....

കുറേ കാലമായി ഇത്‌ എഴുതണം എന്നു കരുതുന്നു. പക്ഷേ ഇതു വരെ എഴുതിയില്ല.ഇന്നിപ്പോള്‍ എന്തോ എഴുതിയേക്കാം എന്നു തോന്നി...

എന്റെ കൂട്ടുകാരന്‍ വഴിപിഴച്ചവനായിരുന്നു. എല്ലാവരുടേയും കണ്ണില്‍ ശരിക്കും ഒരു യൂസ്‌ലെസ്സ്‌. എങ്കിലും അവന്‍ എന്റെ കൂട്ടുകാരനായിരുന്നു.എനിക്ക്‌ അവനെ ഒരുപാട്‌ ഇഷ്ടമായിരുന്നു. എന്റെ മനസ്സില്‍ രഹസ്യമായി അവനൊട്‌ ഒരസൂയയും, എന്തിന്‌, ഒരു ആരാധന പോലും തോന്നാറുണ്ട്‌.എന്നാലും ഞാന്‍ ഒരിക്കലും അവനെപ്പോലെയാകാന്‍ ആഗ്രഹിച്ചിരുന്നില്ല.അതുകൊണ്ടാവാം ഞങ്ങള്‍ ഒരുമിച്ച്‌ നടക്കുമ്പോള്‍ ഒരേ കാലടികള്‍ വയ്ക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. അവന്‍ വലത്‌ കാല്‍ മുന്നോട്ട്‌ വച്ചാല്‍ ഞാന്‍ ഇടത്‌ വയ്ക്കും. അവന്‍ ഇടത്‌ വച്ചാല്‍ ഞാന്‍ വലതും. കുറച്ച്‌ നേരം ഞാന്‍ ഇത്‌ തന്നെ ശ്രദ്ധിക്കും. പിന്നീട്‌ ചൂടേറിയ ചര്‍ച്ചകളിലും, ആശയപരമായ സംവാദങ്ങളിലും മുഴുകും. അതിനിടയില്‍ എപ്പോഴെങ്കിലും ഞാന്‍ വീണ്ടും കാലടികളിലേക്ക്‌ നോക്കിയാല്‍, ഞങ്ങള്‍ രണ്ട്‌ പേരും ഒരേ കാലടികളോടെ മുന്നോട്ട്‌ പോകുന്നതാണ്‌ കാണാറ്‌......

-വൃകോദരന്‍-