Wednesday 25 June 2008

നോവ്‌, മൂര്‍ച്ച, വാക്കുകള്‍

എന്റെ ഏകാന്തതയ്ക്ക്‌ എന്നും സാക്ഷ്യം വഹിച്ചത്‌.....എന്റെ ഒറ്റപ്പെടലുകള്‍ക്കെന്നും കൂട്ടിരുന്നത്‌..... പുകച്ചുരുളുകളായിരുന്നു.....മൗനം കനക്കുമ്പോള്‍ ഞങ്ങള്‍ മിണ്ടി തുദങ്ങും. അവനെനിക്ക്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞു തരും, എരിഞ്ഞു തീരുന്നതിനു മുമ്പ്‌.....ഞാനാകട്ടെ അവന്‌ പകര്‍ന്നു കൊടുക്കാറ്‌ വേദനയുടെ, വേര്‍പാടിന്റെ, നോവിന്റെ, ഒറ്റപ്പെടുത്തലുകളുടെ ഒക്കെ ബോറന്‍ ചിന്തകളായിരുന്നു.കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞത്‌ വാക്കുകളുടെ മൂര്‍ച്ചയെക്കുറിച്ചായിരുന്നു, ചില സംഭാഷണങ്ങള്‍ നമ്മെ വല്ലാതെ നോവിക്കുന്നു. വാക്കുകള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌. കത്തിയെക്കാളും, കാരമുള്ളിനെക്കാളും.......അവന്‍ ഒന്നും മിണ്ടിയില്ല. അവന്‍ മിണ്ടുന്നതും കാത്ത്‌ ഞാനിരുന്നു, എരിഞ്ഞു തീരും വരെ......ഇപ്പോള്‍ ഞാനറിയുന്നു, ചില മൗനങ്ങള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌....... വാക്കുകളെക്കാള്‍......

-വൃകോദരന്‍-

Sunday 1 June 2008

കെട്ടടങ്ങുന്ന സ്വാമിക്കഥകള്‍ക്ക്‌ ഒരനുബന്ധം

എന്റെ പിതാവ്‌ Dr.വായുദേവന്‍ നാട്ടിലെ ഒരു പ്രമുഖ ഭിഷഗ്വരനാണ്‌.എണ്ണമറ്റ രോഗീഗണങ്ങളോട്‌ കൂടി വിരാജിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം ധനപാലനെ പരിചയപ്പെടുന്നത്‌. മധ്യവയസ്കനും ഒരു ഭാര്യയോടും 3 മക്കളോടും കൂടിയവനുമായ ധനപാലന്‍ ഒരു ഹൈന്ദവ മത സംഘടനയുടെ നേതാവ്‌ കൂടിയായിരുന്നു.പരിചയപ്പെട്ട്‌ ഏറെക്കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അവര്‍ സുഹൃത്തുക്കളായി. പിന്നീട്‌ ഇടയ്ക്കിടെ അയാള്‍ കുടുംബസമേതം ഫാമിലി ഹെല്‍ത്ത്‌ ചെക്കപ്പിനായി പിതാവിന്റെ ക്ലിനിക്കിലെത്താന്‍ തുടങ്ങി. ചെക്കപ്പ്‌ എന്ന പേരില്‍ വരുന്നത്‌ കത്തിവെപ്പിനാണ്‌. Dr. വായുവും അതില്‍ ഒട്ടും മോശക്കാരനായിരുന്നില്ല.പലപ്പോഴും ധനപാലന്‍ വാചാലനായിരുന്നത്‌ അയാളുടെ സംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ചും ഹിന്ദുക്കളുടെ വര്‍ഗബോധമില്ലായ്മയെക്കുറിച്ചും ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നിട്ടു കൂടി ഡോ: വായു അതെല്ലാം സമ്മതിച്ചുകൊടുത്തിരുന്നു.അദ്ദേഹത്തിന്‌ തന്റെ ഒരു കസ്റ്റമറെ നഷ്ടപ്പെടുത്താന്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെയിരിക്കെ അവരുടെ സംഭാഷണങ്ങള്‍ക്കിടയിലേക്ക്‌ പുതിയൊരു കഥാപാത്രം കടന്നുവന്നു.സ്വാമി എന്തോ ഒരു തീര്‍ത്ഥ. ധനപാലന്റെ വീടിനടുത്ത്‌ പുതുതായി ആശ്രമം കെട്ടി കൂടിയിരിക്കുകയാണ്‌ കക്ഷി. സ്വാമിയെ പറ്റി പറയന്‍ അയാള്‍ക്ക്‌ നൂറ്‌ നാവായിരുന്നു. ആ വാക്കുകളില്‍ സ്വാമിയൊടുള്ള ഭക്തി നിറഞ്ഞ്‌ കവിഞ്ഞിരുന്നു.അങ്ങനെ ഭക്തി മൂത്ത്‌ ധനപാലനും കുടുംബവും സ്വാമീസേവനാര്‍ത്ഥം ആശ്രമത്തിലേക്ക്‌ താമസം മാറി. പിന്നീടുള്ള ഓരോ വരവിലും ആ കുടുംബം സ്വാമിയെപ്പറ്റി കൂടുതല്‍ വാചാലരാകാന്‍ തുടങ്ങി. വന്ന് വന്ന് അവര്‍ക്ക്‌ സംസാരിക്കാന്‍ മറ്റൊരു വിഷയം ഇല്ലാതായിമാറി.

അങ്ങനെയിരിക്കെ ധനപാലനും കുടുംബവും ക്ലിനിക്കിലേക്ക്‌ വരാതെയായി. സമയക്കുറവ്‌ മൂലമോ താത്പര്യക്കുറവ്‌ മൂലമോ ഡോ:വായു അന്വേഷിക്കാനും പോയില്ല. മാസങ്ങള്‍ കടന്ന് പോയി. ഒരു നാള്‍ ഡോക്ടര്‍ക്ക്‌ ഒരു കാര്‍ഡ്‌ വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

ഡിയര്‍ ഡോക്ടര്‍,
ഞാന്‍ ഹരിദ്വാറില്‍ നിന്നാണ്‌ ഈ കത്തെഴുതുന്നത്‌. എന്റെ ഭാര്യയേയും മക്കളേയും സ്വാമി XXX തീര്‍ത്ഥ ഏറ്റെടുത്തു. അവര്‍ക്ക്‌ ഇപ്പോള്‍ എന്നെ വേണ്ടാതായി. എനിക്ക്‌ ഇതല്ലാതെ ഇനി മറ്റൊരു മാര്‍ഗ്ഗമില്ല.

സസ്നേഹം
സ്വാമി നിര്‍ഗുണാനന്ദസരസ്വതി
(പൂര്‍വാശ്രമത്തില്‍ ധനപാലന്‍)


-വൃകോദരന്‍-